23-April-2023 -
By. news desk
കൊച്ചി:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വ്യോമസേനയുടെ
പ്രത്യേക വിമാനത്തില്‍ മധ്യപ്രദേശില്‍നിന്നു കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരം മെഗാ റോഡ്‌ഷോ നടത്തും. 6 ന് യുവം 2023 പരിപാടിയില്‍ പങ്കെടുക്കും. 7.45ന് വില്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറില്‍ തന്നെയാണു താമസവും.നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്‌റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും.
കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.വന്ദേഭാരതിനു പുറമേ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചുവേളി തിരുവനന്തപുരം നേമം റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം ഷൊര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിക്കും. നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനും ദിïിഗല്‍ പളനി പൊള്ളാച്ചി വൈദ്യുതീകരിച്ച റെയില്‍പാതയും നാടിനു സമര്‍പ്പിക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഇല്ല. ഇന്നലെ വൈകിട്ടു കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ഇന്നു രാവിലെ തലസ്ഥാനത്തേക്ക് മടങ്ങും. റോഡ്‌ഷോ ഉള്‍പ്പെടെ കൊച്ചിയിലെ ചടങ്ങ് അനൗദ്യോഗികമാണെന്ന കാരണത്താലാണു ഗവര്‍ണര്‍ മടങ്ങുന്നതെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്തു തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നാളെ രാവിലെ 8 മുതല്‍ 11 വരെ അടച്ചിടും. ഇവിടത്തെ ഷോപ്പിങ് കോംപ്ലക്‌സിലെ കടകളും ഓഫിസുകളും 11ന് ശേഷമാകും പ്രവര്‍ത്തിക്കുക. തമ്പാനൂരില്‍നിന്നുള്ള ബസ് സര്‍വീസുകള്‍ വികാസ് ഭവനിലേക്കു മാറ്റും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്റെ 1, 2 പ്ലാറ്റ്‌ഫോമിലേക്കു പോകുന്നതിനും ടിക്കറ്റ് വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. റെയില്‍വേ സ്‌റ്റേഷനു മുന്നിലെയും കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നിലെയും ഓട്ടോ പാര്‍ക്കിങ്ങിനും നിയന്ത്രണം ഉണ്ടാകും.